- Homemain page
- Aboutthe author
- Contact ussay hello
- Subscribe to RSSkeep updated!
Tuesday, February 03, 2009
Tuesday, December 30, 2008
Monday, December 29, 2008
തുരുമ്പുപിടിക്കുന്ന തലവേദന.
ക്യാന്റോലിം ബീച്ച് (Candolim Beach) ഗോവ. പൊതുവേ തിരക്കുള്ള കലാന്‍ഗുട്ട് (Calangute) ബീച്ചിനും സിന്‍ക്വയറിം (Sinquerim Beach) ബീച്ചിനും ഇടയിലുള്ള തിരക്കു കുറഞ്ഞ തീരമാണ് ക്യാന്റോലിം. ഇടതുവശത്തേക്ക് നോക്കിയാല്‍ അഗ്വാഡ ഫോര്‍ട്ടിന്റെ നല്ലൊരു "വ്യൂ" ഈ ബീച്ചില്‍ നിന്നുമുണ്ട്. ടൂറിസം മാപ്പിലും സന്ദര്‍ശകരുടെ ചുണ്ടിലും "പീസ് ഫുള്‍" എന്ന പേരു കിട്ടിയ അപൂര്‍വ്വം ചില ഗോവന്‍ തിരങ്ങളില്‍ ഒന്ന്.
ക്യാന്റോലിമിലെ ഒരു ഷാക്കിലിരുന്ന് തണുക്കാത്ത ബിയറും ഗോവന്‍ സ്പെഷ്യല്‍ ബ്രഡഡ് അയില ഫ്രൈയും കഴിച്ചുകൊണ്ടിരുന്നപ്പോള്‍ കണ്ണുടക്കിയത് ഈ കാഴ്ചയിലാണ്. അതിനെ പിന്‍പറ്റി ക്യാമറയില്‍ ഉടക്കിയ ഈ ഈ ചിത്രത്തില്‍ എന്താണിത്ര എന്ന് അതിശയത്തോടെ നോക്കും മുന്‍പ് അറിയുക. ഇതൊരു പോര്‍ട്ട് അല്ല. വെസ്റ്റ് കോസ്റ്റ് ഏരിയായിലെ മര്‍മുഗോവയിലാണ് ഗോവയിലെ പോര്‍ട്ട്. കപ്പലുകള്‍ പുറം കടലില്‍ നങ്കൂരമിട്ടുകിടക്കുന്ന കാഴ്ചയും ഇവിടെ ഇരുന്നാലും നമുക്കു കാണാം. എന്നാല്‍ ഈ ചിത്രത്തില്‍ കരയോടു ചേര്‍ന്ന്, വളരെ അടുത്തു കിടക്കുന്നതും ഒരു കപ്പല്‍ തന്നെ. അതാണ് "എം വി (മര്‍ച്ചന്റ് വെസ്സല്‍) റിവര്‍ പ്രിണ്‍സസ്സ്". 240 മീറ്റര്‍ (787 അടി) നീളമുള്ള ലോഹമണ്ണ് (ore) ക്യാരിയറാണ് ഈ കപ്പല്‍. സാല്‍ഗോകര്‍ മൈനിങ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇത്‍. പൊതുവേ തീരത്തിനു ആഴം കുറവായ ഗോവയില്‍ നല്ല നീന്തല്‍കാര്‍ക്ക് 'വെള്ളത്തില്‍ നടന്ന് “ പോകാവുന്ന ദൂരത്തില്‍ "നങ്കൂരമിട്ട്" കിടക്കുന്ന ഈ റിവര്‍ പ്രിണ്‍സസ്സ് ഇന്നും ഗോവന്‍ സര്‍ക്കാരിനൊരു തലവേദനയാണ്.
2000 ജൂണിലാണ് കാന്റോലിം ബീച്ചില്‍ സിന്‍ക്വയറിം ബീച്ചിനോട് ചേര്‍ന്ന് റിവര്‍ പ്രിണ്‍സ് "നിര്‍ബന്ധിത" നങ്കൂരമിട്ടത്. അതിനിപ്പുറത്തേക്ക് കരയില്‍ കയറി നങ്കൂരം ഉറപ്പിക്കാന്‍ തീരത്തെ മണല്‍ അനുവദിച്ചില്ല എന്നതുകൊണ്ട് അവള്‍ അവിടെ "സ്റ്റക്ക്" ആയി നിന്നു. 2000 ജൂണിലെ ഒരു മഴക്കാല രാത്രിയില്‍ തീരത്തടിച്ച അതി ഭയങ്കര കാറ്റിലാണ് പുറം കടലില്‍ കിടന്ന അവള്‍ തീരത്തേക്ക് നീങ്ങിയതും മണലില്‍ കാല്‍ കുരുങ്ങി പോയതും.
കഴിഞ്ഞ 8 വര്‍ഷമായി ഗോവന്‍ സര്‍ക്കാരും ലോക്കല്‍ അതോറിറ്റീസും തീരത്തു തലകുത്തി മറിഞ്ഞ് ശ്രമിക്കുന്നു, മണലില്‍ പൂണ്ടുപോയ ഇതിനെ മുറിക്കാതെ "ഊരിയെടുക്കാന്‍". പക്ഷെ ശ്രമങ്ങള്‍ എല്ലാം റിവര്‍ പ്രിണ്‍സസ്സിനൊപ്പം തുരുമ്പുപിടിക്കുന്ന കാഴ്ചയാണ് ഗോവന്‍ തീരം കണ്ടത്. നീന്തലുകാര്‍ക്കും തീരത്തിനും ഭീഷണിമാത്രമല്ല ഉപേക്ഷിക്കപ്പെട്ട ഈ പാവം കപ്പല്‍ ഉയര്‍ത്തുന്നത്. ഇതിനെ ചുറ്റിപ്പറ്റിയുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ ഒരുപാടാണ്. കഴിഞ്ഞ 7 വര്‍ഷത്തോളമായി ഈ നൌക ഇവിടെ കിടന്നു തുരുമ്പിക്കുന്നു. തുരുമ്പിച്ച ഇരുമ്പു തീരത്തടിയുന്നു. അതിന്റെ കൂര്‍ത്ത മുനകള്‍ മണ്ണില്‍ ചേര്‍ന്നു കിടക്കുന്നു. ഇതിന്റെ കിടപ്പ് കാലാകാലമായി തീരത്തിന്റെ ടോപ്പോഗ്രഫി തന്നെ മാറ്റുന്നു. ഈ നൌകയ്ക്കു ചുറ്റുമുള്ള തിരയുടെ നീക്കങ്ങള്‍ തീരത്തെ മാത്രമല്ല കടല്‍ വെള്ളത്തിന്റെ ഒഴുക്കിനേയും ബാധിക്കുന്നു. കടല്‍ സ്വയം ചെയ്യുന്ന മാലിന്യ നിര്‍മാര്‍ജ്ജനത്തെ ഈ നൌകയ്ക്കു ചുറ്റും അടിഞ്ഞുകൂടിയ മണല്‍ തടയുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു, സിങ്ക്വയറിം - ക്യാന്റൊലിം ബീച്ചുകളുടെ തകര്‍ച്ചയിലേക്കാണ് ഇത് നയിക്കുന്നത് എന്ന്.
ഇത് ഇവിടെ ഇനിയും കുരുങ്ങിക്കിടന്നാല്‍ ഉണ്ടാകുന്ന ഇക്കോ-ടോക്സിക്കോളജിക്കല്‍എഫക്ട്സിനെ കുറിച്ച് ആശങ്കകളും ചര്‍ച്ചകളും പലഫോറമുകളിലും നടക്കുന്നു. കപ്പല്‍ തീരത്തുനിന്നും മാറ്റിയില്ലെങ്കില്‍ അത് ഈ തീരത്തിന്റെ മോര്‍ഫോളജിയെ ബാധിക്കും എന്നും അങ്ങനെ ഉണ്ടായാല്‍ ലോക്കല്‍ ഫിഷിങ്ങിനെ അതു ബാധിക്കും എന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ സൈറ്റില്‍, Environment International, vol.32 നെ ഉദ്ദരിച്ച് പറയുന്നു. ടൂറിസവും മത്സ്യബന്ധനവും കൊണ്ടു ജീവിക്കുന്ന തീരദേശവാസികള്‍ക്ക് ഈ കപ്പലും ഇതുണ്ടാക്കുന്ന ഭീകരാവസ്ഥയും ഒരു പേടിസ്വപ്നമാണ്.
കാലവും ഉപ്പും കാറ്റും കടല്‍ ക്ഷോഭവും ഒക്കെ ചേര്‍ന്ന് റിവര്‍ പ്രിണ്‍സസ്സിന്റെ അവസ്ഥ ഇന്ന് വളരെ ദയനീയമാക്കിയിരിക്കുകയാണ്. കപ്പലിന്റെ "റീ ഫ്ലോട്ടിങ് & റ്റോവിങ്" എന്നത് ഒരു നടക്കാസ്വപ്നമായി മാറുകയാണ്. ഒട്ടനവധി രക്ഷാ പ്രവര്‍ത്തകര്‍ "ദേ ഇപ്പ ശരിയാക്കിത്തരാം..!" എന്നു പറഞ്ഞു പണിതു തുടങ്ങി എങ്കിലും ഒന്നും ഫലവത്തായില്ല. കപ്പലിന്റെ അവസ്ഥയെ കൂടുതല്‍ ബോറാക്കാനല്ലാതെ ഒരു രക്ഷാപ്രവര്‍ത്തനവും നടന്നില്ല. ഇതിനു മുന്‍പ് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ആരും തന്നെ ഇങ്ങനെ ഒരു മിഷന്‍ ഇതിനു മുന്‍പ് വിജയകരമായി ചെയ്തിട്ടില്ല എന്ന സത്യം അവരെ ഈ പണി ഏല്പിച്ച അധികാര ഭരണവര്‍ഗ്ഗത്തിനു നേരെ സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നു.
2009 ലെ മഴക്കാലത്തിനു മുന്‍പ്, അതായത് കടല്‍ കടുപ്പമുള്ളതാവുന്നതിനു മുന്‍പ് കപ്പലിനെ രക്ഷിച്ചില്ല എങ്കില്‍ കപ്പല്‍ അവിടെ തന്നെ തകര്‍ന്നു വീഴും എന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ മാധ്യമങ്ങളിലൂടെ പറയുന്നു. ഗോവ കേന്ദ്രമായിട്ടുള്ള സാല്വേഷന്‍ എക്സ്പര്‍ട്ട് ഗ്രൂപ്പായ മഡ്‌ഗാവ്‌കര്‍ സാല്‍വേജിന്റെ (Madgavkar Salvage) പാര്‍ട്ട്‌നര്‍ ആയ അനില്‍ മഡ്‌ഗാവ്കര്‍ പറയുന്നു, "മണ്ണില്‍ ഉറച്ചുപോയ ഈ കപ്പല്‍ നീക്കം ചെയ്യുക എന്നത് മുങ്ങിപ്പോയ ഒരു നാലുനില കെട്ടിടം പൊക്കി എടുക്കും പോലെ ആയാസമായ പണിയാണ്." കാരണം ഇത്രയും വര്‍ഷം കൊണ്ട് എട്ടുമുതല്‍ പത്തുമീറ്റര്‍ വരെ (26മുതല്‍ 33 അടിവരെ) ഈ കപ്പല്‍ സീബെഡിലേക്ക് ഉറച്ചുപോയി എന്നതു തന്നെ. കപ്പലിനെ റീഫ്ലോട്ട് ചെയ്യിക്കാന്‍ 30,000 മുതല്‍ 40,000 മെട്രിക് ടണ്‍ മണല്‍ നീക്കം ചെയ്യേണ്ടിവരും.
ഈ കപ്പലിനെ മുറിച്ചുമാറ്റി കൂടുതല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്താതിരിക്കാന്‍ ഇതിനെ "റീ-ഫ്ലോട്ട്" ചെയ്യിച്ച് നീക്കം ചെയ്യുക എന്ന ദൌത്യമാണ് വേണ്ടത്. അതിനുവേണ്ടി 2008 ന്റെ തുടക്കത്തില്‍ 5.5 കോടി മുടക്കാന്‍ ഗവണ്മെന്റ് തീരുമാനമായിട്ടുണ്ട്. അതിനായി Jaisu shipping company യെ ചുമതലപ്പെടുത്തുകയും ചെയ്തു. തീരത്തു നിന്നും 12 നോട്ടിക്കല്‍ മയിലിലേക്ക് ഈ "റാണിയെ" നീക്കണം എന്നാണ് അതിനോടനുബന്ധിച്ചുണ്ടായ എഗ്രിമെന്റ്. പക്ഷെ ഫലം കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. കാരണം ഇതിനുമുന്‍പുള്ള കോണ്‍ട്രാക്ട് കൊടുത്തിരുന്നത് യൂ കെ ആസ്ഥാനമായ ക്രോസ്‌ചെം ഇന്റര്‍നാഷണല്‍ (Crosschem International) എന്ന കമ്പനിക്കാണ്. പക്ഷെ അവര്‍ അധികകാലമെത്താതെ തിരിച്ചറിഞ്ഞു, എഗ്രിമെന്റില്‍ പറഞ്ഞിട്ടുള്ള 110 ദിവസങ്ങള്‍ക്കുള്ളില്‍ ഈ കപ്പലിനെ റീഫ്ലോട്ട് ചെയ്യിക്കാനാവില്ല എന്ന്. പിന്നാലെ പിന്‍മാറി ആ എഗ്രിമെന്റ് ക്യാന്‍സല്‍ ആവുകയാണ് ഉണ്ടായത്.
കടല്‍തീരത്ത് കുത്തി നിര്‍ത്തിയ ഒരു ചോദ്യചിഹ്നമാണ് ഇപ്പോള്‍ ആ നൌക. ഓരോ മഴക്കാലത്തേയും പ്രശ്നങ്ങളിലൂടെ കൂടുതല്‍ മോശമായികൊണ്ടിരിക്കുന്ന അവസ്ഥയിലാണ് വര്‍ഷങ്ങളായി ഈ കപ്പല്‍. മഴക്കാലത്തും മഴ കഴിയുമ്പോഴും ഇതിനെ കുറിച്ചുള്ള ആശങ്ക ഉണര്‍ത്തല്‍ അല്ലാതെ മഴയ്ക്കു മുന്‍പോ മഴ കഴിയുമ്പോഴോ ലോക്കല്‍ ബോഡീസ് ഇതിനുവേണ്ടി ഒന്നും ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോഴും തീരുമാനങ്ങള്‍ നൂലാമാലകളിലും കോടതികളിലും സ്ഥാപിത താല്പര്യങ്ങളിലുമായി ചുരുണ്ടുകിടക്കുന്നു. ഇന്ത്യന്‍ മറിടൈം നിയമം പലതിനും വിലങ്ങു തടിയാവുന്നു. ഇതിന്റെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്പിക്കാനും ഇതിനെ ഉപേക്ഷിച്ച അവസ്ഥയില്‍ തള്ളാനും ഇതിന്റെ ഉടമകള്‍ക്ക് നിയമപരമായി കഴിയും. കപ്പല്‍ ചാനലുകളില്‍ തകര്‍ന്ന കപ്പലുകള്‍ നീക്കം ചെയ്യാന്‍ മാത്രമേ ഇന്ത്യന്‍ മറിടൈം നിയമം അനുവധിക്കുന്നുള്ളു. പക്ഷെ ഈ ഒരു "കപ്പല്‍ഛേദം" കരയിലായിപോയി എന്നതാണ് നൂലമാലകളെ സജീവമാക്കുന്നതും.
കഴിഞ്ഞ എട്ടൊന്‍പതു വര്‍ഷമായിട്ട് ഈ "റിവര്‍ രാജകുമാരി" അവളുടെ കാലുകള്‍ മണിലിനും മണലില്‍ പൊടിഞ്ഞുചേര്‍ന്ന മീന്‍ വര്‍ഗ്ഗത്തിന്റെ അസ്ഥികള്‍ക്കും ഇടയിലൂടെ തന്റെ "നിര്‍ബന്ധിത നങ്കൂരം" ഉറപ്പിച്ച് കിടന്നു. കരയില്‍ നടക്കുന്ന ആട്ടവും പാട്ടും കാന്റില്‍ലിറ്റ് ഡിന്നറും കണ്ട് തന്റെ ഭൂതകാലം അയവിറക്കി അവള്‍ കിടക്കുന്നു. തീരമെത്തും മുന്‍പു തിരകള്‍ അവളുടെ തുരുമ്പിന്റെ മണം അവാഹിച്ചു മത്തുപിടിക്കുന്നു. കാന്റൊലിമില്‍ എത്തുന്ന കാഴ്ചക്കാര്‍ ഇത് ക്യാമറയിലും മനസിന്റെ ദുരൂഹത ചുറ്റുന്ന ചുഴികളിലും കയറ്റി കടന്നു പോകുന്നു.
ചില ചിത്രങ്ങള്‍ കൂടി
1. JPG മാഗസിനില്‍ വന്ന Karen Ribeiro എടുത്ത ഒരു ക്ലോസപ്പ് ചിത്രം
2. ഫ്ലിക്കറില്‍ കണ്ട Xiol എടുത്ത സൈഡ് വ്യൂ ചിത്രം
3. Jonathan Hodd എടുത്ത “തുരുമ്പുചിത്രവും“, ഒരു വൈഡ് ആംഗിള്‍ ഷോട്ടും
(ഓഫ് : കാന്റോലിം ബീച്ചിലെ ഒരു ഷാക്കിന്റെ ഉടമ പറഞ്ഞ അടിസ്ഥാനവിവരങ്ങള്‍ക്കും അപ്പുറം നെറ്റില്‍ അതിനെ കുറിച്ച് തപ്പി നടന്നപ്പോഴും പലതും സംശയമായി തന്നെ അവശേഷിക്കുന്നു. അതിന്റെ ഒക്കെ ഉത്തരങ്ങളോ ഈ "അപരിചിത നങ്കൂരത്തെ" കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ അറിയുന്നവര്‍ ദയവായി പങ്കുവയ്ക്കുക)
വിവരങ്ങള്‍ക്ക് കടപ്പാട് : ടൈംസ് ഓഫ് ഇന്‍ഡ്യ, www.merinews.com, DNA
Friday, November 07, 2008
Thursday, July 24, 2008
ചരിത്രമായ ഒരു ചിത്രീകരണത്തിനു പിന്നില്‍.
ഇരുപതും മുപ്പതും നാല്‍പ്പതും ചിലതൊക്കെ ഒരുമിനുട്ടോളം വരെ മാത്രം നീളുന്ന പരസ്യ ചിത്രങ്ങള്‍. പക്ഷെ അവ നിര്‍മ്മിക്കുന്നതിനു പിന്നിലുള്ള പ്ലാനിങ്ങിന്റേയും ഷൂട്ട് ചെയ്യുന്നതിലെ ലോജിസ്റ്റിക് പ്ലാനിങ്ങിന്റേയും ഡെഡിക്കേഷന്റേയും ഉത്തമ ഉദാഹരണമാണ് സോണി ബ്രവിയ high definition LCD TV ടെ പരസ്യങ്ങള്‍.
നിറം എന്ന കേന്ദ്രബിന്ദുവിനെ ചുറ്റിപ്പറ്റി അവര്‍ ഒട്ടനവധി പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്. കളര്‍ ബോള്‍സ് (250,000 നിറമുള്ള ബൌണ്‍സിങ് ബോളുകള്‍ സാന്‍ ഫ്രാന്‍സിസ്കോയിലെ തെരുവിലേക്ക് ഇറക്കിവിട്ട് ഷൂട്ട് ചെയ്തത്) പെയിന്റിന്റെ ഫയര്‍വര്‍ക്സ്, എന്നിങ്ങനെ ഒട്ടനവധി. അവയൊക്കെ കാനിലും മറ്റും ഒട്ടനവധി “മെറ്റലുകള്‍” വാരിക്കൂട്ടാറുണ്ട്, കൂടുതലും ടെക്നിക്കല്‍ അവാര്‍ഡ്‌സ്. ഈ വര്‍ഷത്തെ കാന്‍ നേടിയത് സോണിക്കു വേണ്ടി ഒരു നഗരം മുഴുവന്‍ പത വന്നു നിറയുന്ന കാഴ്ചയായ പരസ്യമാണ്. സോണിയുടെ ഡിജിറ്റല്‍ ക്യാമറകള്‍ക്ക് വേണ്ടിയായിരുന്നു ഈ വര്‍ഷത്തെ കമേര്‍സ്യല്‍.
സോണിയുടെ പരസ്യങ്ങളില്‍ എനിക്ക് ഏറെ രസകരവും ഒറിജിനലും ഡെഡിക്കേറ്റഡും ആയ ഒന്നായി തോന്നിയതാണ് പെയിന്റ് കമേര്‍സ്യല്‍ എന്ന ഓമനപേരില്‍ അന്തര്‍ദേശീയതലത്തില്‍ അറിയപ്പെട്ടിരുന്ന ഈ ‘മള്‍ട്ടി മില്യണപൌണ്ട്‘ കമേര്‍സ്യല്‍.
2007 ലെ കാന്‍ അവാര്‍ഡുകളുടെ ഒരു സീഡി കയ്യില്‍ കിട്ടിയപ്പോള്‍ മനസില്‍ കയറിയതാണ് ഈ സോണി പരസ്യം. പിന്നെ അതിനെ പിന്‍പറ്റിയുള്ള അന്വേഷണം തുടങ്ങി. ഒരു “മേക്കിങ്
ഓഫ് ദ മൂവി ഫയല്‍ കൂടി കിട്ടിയപ്പോള്‍, കൂടുതല്‍ അറിയാന്‍ തോന്നി. ആ അറിവുകള്‍ ആണ് ഇവിടെ പങ്കുവയ്ക്കുന്നത്.
നിങ്ങളില്‍ പലരും ആ പരസ്യചിത്രം കണ്ടിട്ടുണ്ടാകും എന്നാലും ആദ്യം നമുക്ക് ആ പരസ്യം ഒന്നുകൂടി കാണാം. എന്നിട്ട് അതിന്റെ ‘ബിഹൈന്റ് ദ് സീനി‘ലേക്ക് പോകാം. (കാണുന്നതിനു മുന്‍പ് ഒരു വാക്ക്, യൂ ട്യൂബില്‍ സ്ട്രീം ചെയ്തു വരാന്‍ അല്പം ടൈം എടുക്കുകയാണെങ്കില്‍ പോസ് ചെയ്തിട്ട് മുഴുവനും സ്ട്രീം ആയതിനുശേഷം മുറിഞ്ഞു പോകാതെ കാണുക. കാരണം രസചരട് പൊട്ടാതെ അതിന്റെ താളത്തില്‍ തന്നെ കാണേണ്ട കമേര്‍സ്യല്‍ ആണിത്. ശബ്ദം ഉണ്ട് എന്ന് ഉറപ്പുവരുത്തുക)ഇവിടെ കാണാനാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് യൂട്യൂബില്‍ നേരിട്ട് കാണുക
ഇതെവിടെ എങ്ങനെ എപ്പോള്‍ ആരു ഷൂട്ട് ചെയ്തു എന്നതിലേക്ക് പോകും മുന്‍പ് ആദ്യം നമുക്ക് ഇതിന്റെ പിന്നിലെ വസ്തുതകളിലേക്ക് ഒരു ചെറുനോട്ടം എറിയാം.
ചുരുക്കത്തില്‍ ഈ ചിത്ര നിര്‍മ്മാണത്തിനു വേണ്ടിയിരുന്നതില്‍ പ്രധാനമായവ;
70,000 ലിറ്റര്‍ പെയിന്റ്
358 സിംഗിള്‍ ബോട്ടില്‍ ബോംബുകള്‍
33 സെക്സ്ടപ്പിള്‍ എയര്‍ ക്ലസ്റ്റര്‍ ബോംബുകള്‍
22 ട്രിപ്പിള്‍ ഹങ് ക്ലസ്റ്റര്‍ ബോംബുകള്‍
268 ഡബ്ബകള്‍ (മോര്‍ട്ടെര്‍)
22 ഡബിള്‍ ഡബ്ബകള്‍
33 ട്രിപ്പിള്‍ ഡബ്ബകള്‍
358 മീറ്റര്‍ വെല്‍ഡ്
330 മീറ്റര്‍ സ്റ്റീല്‍ പൈപ്പ്
57 കിലോമീറ്റര്‍ കോപ്പര്‍ വയര്‍
10 ദിവസങ്ങള്‍
250 ആള്‍ക്കാര്‍
ഇതിനും ഒക്കെ ഉപരിയായി എണ്ണം പറയാനാവാത്ത ഡെഡിക്കേഷന്‍, കമിറ്റ്‌മെന്റ്, കൃത്യത, പ്രൊഫഷണലിസം, ക്രിയേറ്റീവ് പാഷന്‍.
ചിത്രത്തേക്കാള്‍ ഞാന്‍ രസിച്ചത് ഇതിന്റെ മേക്കിംഗ് ഓഫ് ദ ഫിലിം (ബഹൈന്റ് ദ സീന്‍) എന്ന വീഡിയോയാണ്. 5 മിനുട്ടും 18 സെക്കന്റും ഉള്ള ഈ വീഡിയോ കാണുക. ഇതില്‍ ഓരോഷോട്ടും ചിത്രീകരിച്ചിരിക്കുന്ന രീതി. ബോംബുകള്‍ പൊട്ടിച്ച് പൂത്തിരി വിരിയിക്കുന്ന രീതി ഒക്കെ കാണാം (ഇതും പഴയതുപോലെ തുറന്നു മിനിമൈസ് ചെയ്ത് മുറിഞ്ഞുപോകാതെ കാണാനായല്‍ രസകരമാകും. ഫിലിം ക്രൂവിലെ പ്രമുഖരുടെ വാക്കുകളും ഇവിടെ കേള്‍ക്കാം. ഇവിടെ കാണാനാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് യൂ ട്യൂബില്‍ നേരിട്ട് കാണുക
സ്കോട്ട്‌ലന്റിലെ ഗ്ലാസ്‌ഗോയില്‍ ഉള്ള ടോറിഗ്ലെന്‍ എസ്റ്റേറ്റിലായിരുന്നു ഇതു ചിത്രീകരിച്ചത്. അല്പം പഴയതും, മുന്നില്‍ അല്പം സ്ഥലവും കുറച്ചു ഹരിതാഭമായ ചുറ്റുപാടും ഒക്കെയുള്ള ഒരു കെട്ടിടസമുച്ചയം തപ്പി നടന്ന് ഇതിന്റെ ക്രൂ എത്തിയത് ഗ്ലാസ്‌ഗോയില്‍ ആയിരുന്നു. ഗ്ലാസ്‌ഗോയിലെ ഹൌസിങ് അസോസിയേഷനും കൌണ്‍സിലും വളരെ സഹായകരമായ നിലപാടായിരുന്നു ഫിലിം ക്രൂവിനോട് കാണിച്ചത്. ചുറ്റുമുള്ള കെട്ടിടങ്ങളില്‍ പെയിന്റ് വീഴാതിരിക്കാന്‍ വലിയ ടാര്‍പോളിനുകള്‍ വച്ച് മറച്ചിരുന്നു. ആ ഹൌസിങ് കോളനിയിലെ താമസക്കാരും ചുറ്റുപാടും ഉള്ളവരും ഫിലിം ക്രൂവിനെ കുറിച്ച് ഷൂട്ടിങ് കഴിഞ്ഞിട്ടും നല്ലതുമാത്രമെ പറഞ്ഞുള്ളു. ഇതിങ്ങനെ ഞാന്‍ എടുത്തുപറയാനുള്ള കാരണം; ഒരു ഷൂട്ടിങ് ക്രൂവിനെ കുറിച്ചും ഷൂട്ടിങ് കഴിഞ്ഞശേഷം നാട്ടുകാര്‍ നല്ലതുപറയാറില്ല എന്നതു തന്നെ. കാരണം പലപ്പോഴും ‘പാലം കടക്കുവോളം നാരായണ’ എന്നതാണ് ഷൂട്ടിങ്. പാലം കടന്നുകഴിഞ്ഞാല്‍ പിന്നെ ക്ലീനിങ്, എല്ലാം പഴയതുപൊലെ തിരികെ വയ്ക്കല്‍ അങ്ങനെ ഒന്നും നടക്കാറില്ല. പക്ഷെ അടുത്തുള്ളവരൊക്കെ സന്തോഷത്തോടെ ഓര്‍ക്കുന്നു, തങ്ങളുടെ വീടുകളും ഷോപ്പുകളും ഒക്കെ പെയിന്റ് വീഴാതെ മറച്ച് സംരക്ഷിച്ചതും ക്രൂവിന്റെ നല്ല പെരുമാറ്റവും ഒക്കെ. ഫിലിം കമ്പനി ആ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് മാറി നിന്നു കളിക്കാന്‍ ക്ലബ്ബുകളും മറ്റും തയ്യാറാക്കിയിരുന്നതും ചെറുതായി ഇടഞ്ഞുനിന്നവരെ ഒതുക്കാന്‍ അകലെ കടല്‍തീരത്ത് ഒരു വലിയ ഡിസ്കോ തയ്യാറാക്കി അവരെ അങ്ങോട്ട് മാറ്റിയതും ഒക്കെ നാട്ടുകാര്‍ ഓര്‍ക്കുന്നത് വളരെ സന്തോഷമായിട്ടാണ്.
ഷൂട്ടിങ്ങ് കഴിഞ്ഞ മാസങ്ങള്‍ക്കു ശേഷം ക്വീന്‍സ് കോര്‍ട്ടിലെ ഈ ബില്‍ഡിങ് (ടവര്‍ ബ്ലോക്ക്) അതിന്റെ പഴക്കം കണക്കാക്കി ഇടിച്ചുകളഞ്ഞു, ആ പരസ്യം ടിവിയില്‍ എത്തുന്നതിനു മുന്‍പുതന്നെ ആ കെട്ടിടം നിലം പൊത്തി. ആ കാഴ്ച ഇവിടെ കാണാം.
ചിത്രത്തിലെ ഹീറോയായ പെയിന്റിനെ കുറിച്ച്: അവിടെ പൊട്ടിച്ചിതറിയ പെയിന്റുനുമുണ്ട് ചരിത്രത്തില്‍ സ്ഥാനം. 70,000 ലിറ്റര്‍ പെയിന്റ്! ഒരു ടണ്ണിന്റെ ട്രക്കുകളില്‍ കൊണ്ടുവന്ന് 20 പേര്‍ ചേര്‍ന്ന് ലോക്കേഷനില്‍ വച്ചുതന്നെ മിക്സ് ചെയ്തു. സുരക്ഷയെ മുന്‍ നിര്‍ത്തി ഒരു പ്രത്യേകതരം നോണ്‍-ടോക്സിക് പെയിന്റ് ആണ് ഉപയോഗിച്ചത്. അതില്‍ ഉപയോഗിച്ച തിക്ക്നര്‍ പോലും സോപ്പുകളൊലൊക്കെ ഉപയോഗിക്കുന്നപോലെയുള്ള ഉപദ്രവകാരിയല്ലാത്തതായിരുന്നു. സ്കിന്‍ പ്രോബ്ലംസ് ഉണ്ടാക്കുന്നവയായിരുന്നില്ല എന്നു ചുരുക്കം. പെയിന്റിന്റെ പൂരം കഴിഞ്ഞപ്പോള്‍ ക്ലീന്‍ ചെയ്യല്‍ ആയിരുന്നു ഒരു സുപ്രധാന ‘ഓപറെഷന്‍‘. എളുപ്പത്തില്‍ ക്ലീന്‍ ചെയ്യാവുന്ന വാട്ടര്‍ ബെയ്സിഡ് പെയിന്റ് ആയിട്ടുപോലും 60പേരുടെ 5 ദിവസത്തെ അദ്ധ്വാനം വേണ്ടിവന്നു.
ലണ്ടനിലെ ഫാളോണ്‍ ആണ് ഈ പരസ്യം ചെയ്ത ഏജന്‍സി. 2006 ജുലൈയില്‍ ആണ് ഇത് ചിത്രീകരിച്ചത്. ജുവാന്‍ കബ്രാള്‍ ആണ് ഇതിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. അക്കാഡമി ഫിലിംസിനുവേണ്ടി ഈ പരസ്യം ഡയറക്ട് ചെയ്തത് പരസ്യചിത്രീകരണ രംഗത്തെ കൊടികെട്ടിയ സംവിധായകനായ ജൊനാതന്‍ ഗ്ലേസര്‍ ആണ്.
അസൈലം മോഡല്‍സ് ആന്റ് എഫക്ട്സ് എന്ന കമ്പനിയാണ് ഇതിന്റെ പെയിന്റ് പണികള്‍ സെറ്റ് ചെയ്തത്. പെയിന്റിന്റെ കാഠിന്യവും എഫക്ട്സും തിരിച്ചറിയാനായി ഏകദേശം നാലുമാസത്തോളം ഇവര്‍ ‘ഗ്രൌണ്ട് വര്‍ക്സ്’ ചെയ്തു. 10 ദിവസത്തെ ഷൂട്ടിങ്ങ് ആയിരുന്നു എങ്കിലും ഒരു ഷോട്ടുപോലും ഒരു റീ-ടേക്ക് ഒരിക്കലും ചെയ്യാന്‍ കഴിയാത്ത ഒരു പ്രോജക്ട് ആയതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടിവന്നത് എന്ന് അവര്‍ പറയുന്നു.
ഇംഗ്ലണ്ടിലെ പൈന്‍വുഡ് സ്റ്റുഡിയോസിലെ സ്പെഷല്‍ എഫക്ട്സ് യൂ കെ എന്ന കമ്പനിയാണ് ഇതിന്റെ സ്പെഷല്‍ എഫക്ട്സ് / എക്സ്പ്ലോസീവ് വിഭാഗം കൈകാര്യം ചെയ്തത്. ചിത്രീകരണങ്ങള്‍ക്കുവേണ്ടി മഴയും കാറ്റും മഞ്ഞും ഒക്കെ ഒരുക്കുന്നതില്‍ കഴിവു ഒരുപാട് തെളിയിച്ചിട്ടുള്ളവരാണിവര്‍.
ഫിനിക്സ് ഫയര്‍വര്‍ക്സ് എന്ന കമ്പനിയാണ് ഇതിന്റെ ഫയര്‍വര്‍ക്സ് ചെയ്തത്. കൃത്യസമയത്തുതന്നെ ഓരോ ലെവലും ഫയര്‍ ചെയ്ത് ഈ പരസ്യചിത്രത്തിലൂടെ അവര്‍ ലോകശ്രദ്ധയാകര്‍ഷിച്ചു. ഒരു റീടേക്ക് നടക്കില്ല എന്ന തിരിച്ചറിവാണ് ഇവിടേയും വിജയിച്ചത്. പ്രസ്തുത പ്രോജക്ടിന്റെ കമ്പ്യൂട്ടര്‍ ഫയറിങ്ങിന്റെ തലവന്‍ അലക്സ് സെല്‍ബി പറയുന്നു, “ജീവിതത്തിന്റെ സുപ്രധാന ഭാഗം ഞങ്ങള്‍ ചിലവിടുന്നത് നിമിഷങ്ങള്‍ക്കകം കത്തിതീരുന്ന കരിമരുന്നു പ്രയോഗങ്ങളുടെ പ്ലാനിങ്ങിഉവേണ്ടിയാണ്. ഒന്നിനും രണ്ടാമതൊരു അവസരം ഇല്ല എന്നതാണ് ഇത്രയും നീണ്ട പ്ലാനിങ്ങിനു പ്രേരിപ്പിക്കുന്ന ഘടകം. പുതുവത്സര പിറവിയില്‍ പൊട്ടിയമരുന്ന ഫയര്‍വര്‍ക്സ് ചീറ്റിപോയാല്‍ പിന്നെ ഒരവസരം കൂടി കിട്ടില്ലല്ലോ.. അത്തരത്തില്‍ ഉള്ള മുന്‍പരിചയങ്ങളാണ് ഞങ്ങളെ ഈ ഷൂട്ടിങ്ങില്‍ സഹായിച്ചതും അഭിമാനം ഉണ്ടാക്കി തന്നതും”
എം പി സി എന്ന ചുരുക്കനാമത്തില്‍ അറിയപ്പെടുന്ന മൂവിങ് പിക്ചര്‍ കമ്പനിയാണ് ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷനും സി ജി (കമ്പ്യൂട്ടര്‍ ഗ്രാഫിക്സ്)യും ചെയ്തത്. ചുവരുകള്‍ വൃത്തിയാക്കിയതും നിറത്തിന്റെ മനോഹരമായ ബാലന്‍സിങ്ങും ഒഴുക്കും ഇവരുടെ ക്രെഡിറ്റില്‍ ആണ്. കൂടാതെ ബാരലുകള്‍, റിഗുകള്‍, ക്രെയിനുകള്‍ ടാര്‍പോളിനുകള്‍ എന്നിവയൊക്കെ നീക്കം ചെയ്തു. ചിത്രീകരണത്തിനു മുന്‍പു തന്നെ പോസ്റ്റ് പ്രൊഡക്ഷന്റെ ഭാഗമായ പ്ലാനിങ്ങിനോട് ചേര്‍ന്ന് ഇവര്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിലൂടെ ഇതിന്റെ ഒരു പ്രീ-വിഷ്വലൈസേഷന്‍ നടത്തി. ഗ്ലാസ്ഗോയിലെ ടോറിഗ്ലന്‍ എസ്റ്റേറ്റിന്റെ ഒരു സ്കെയില്‍ മോഡല്‍ തന്നെ ഉണ്ടാക്കി. അതില്‍ ക്യാമറ പൊസിഷനുകളും ബോംബുകളുടെ സ്ഥാനവും ഒക്കെ ഫിക്സ് ചെയ്തു. ത്രിമാന വിഷ്വല്‍ എഫക്ട്സിന്റെ സൂപ്പര്‍വൈസര്‍ ജിം റാഡ്ഫോര്‍ഡിന്റെ വാക്കുകള്‍ അനുസരിച്ച് ഈ പ്രീ വിഷ്വലൈസേഷന്‍ എന്നു പറയുന്നത് ചിത്രത്തിന്റെ ഒരു ബ്ലൂപ്രിന്റ് പോലെ അവരെ സഹായിച്ചു. അതുപോലെ തന്നെ ഏതുതരം ഫയര്‍വര്‍ക്സാണു ഓരോ സ്ഥലത്തും വേണ്ടത് എന്ന ഒരു തീരുമാനത്തില്‍ എത്താനും ഇതു സഹായകമായി.
പ്രശസ്ത ഇറ്റാലിയന്‍ കമ്പോസര്‍ ആയ അന്റോണിയോ റോസിനി (Gioachino Antonio Rossini) യുടെ “Thieving Magpie” എന്ന ആല്‍ബത്തിലെ ഒരു മ്യൂസിക് പീസ് അനുസരിച്ചാണ് ഈ പരസ്യചിത്രത്തിലെ ഷോട്ടുകള്‍ താളാത്മകമായി കണ്‍സീവ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ചലനത്തിനും പൊട്ടലിനും താളത്തിന്റെ ഒരു മുവിധി ഇതിനുണ്ടാകണം. ഒരു പൊട്ടല്‍ എങ്കിലും താളം തെറ്റിയിരുന്നെങ്കില്‍ ഇതാകെ തകര്‍ന്നേനെ. അതിന്റെ മേന്മയാണ് ഈ ചിത്രവും ഇതിന്റെ നിര്‍മ്മാണവും പ്ലാനിങ്ങും മഹത്തരം ആകുന്നതും.
ഈ ചിത്രം 2007 കാന്‍ അഡ്‌വര്‍ടൈസിങ് ഫെസ്റ്റിവലില്‍ ഗോള്‍ഡ് നേടി. ബ്രിട്ടീഷ് ടെലിവിഷന്‍ അഡ്വര്‍ടൈസിങ് അവാര്‍ഡ് ഫെസ്റ്റിവലില്‍ ബെസ്റ്റ് കമേര്‍സ്യല്‍ പുര്‍സ്കാരം ഉള്‍പ്പടെ ഒട്ടനവധി പുര്‍സ്കാരങ്ങള്‍ ഈ പരസ്യം നേടി.ഇവിടെ പലവര്‍ണ്ണത്തില്‍ പൊട്ടിവിരിഞ്ഞത് വിജയിച്ചത് കൂട്ടായ്മയും ആത്മാര്‍ത്ഥതയും ഒത്തൊരുമയുമാണ്.
കടപ്പാടുകളില്‍ പ്രധാനമായും : ഒരുപാടുവഴികളിലേക്ക് ലിങ്കുകള്‍ തുറന്നിട്ട ഗൂഗിള്‍, വിക്കി, http://www.bravia-advert.com, http://www.moving-picture.com, http://www.phoenixfireworks.co.uk/, http://www.specialeffectsuk.com/, http://asylum.pre-loaded.com.. അങ്ങനെ അങ്ങനെ കുറെ..


